Wednesday, December 5, 2012

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം.

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം.




 



ജീവിതത്തിന്റെ ആഹ്ലാദഭരിതവും അത്രതന്നെ വേദനാജനകവുമായ നിമിഷങ്ങളില്‍ പ്രാണവായുവിനൊപ്പം പ്രാണനില്‍ പറ്റിപ്പിടിച്ച ഗന്ധങ്ങള്‍. കാലങ്ങള്‍ക്കിപ്പുറം, ചിലസ്വപ്നങ്ങളില്‍പ്പോലും, പ്രാണന്റെ ഏതെല്ലാം അറകളില്‍ നിന്നാണോ, മറ്റെവിടെനിന്നെങ്കിലുമാണെന്നോ തിരിച്ചറിയാനാവാത്ത വിധം അവ വിടര്‍ന്നു ചിറകുമുളച്ചു പറന്നുയരാറുണ്ട്.
കണ്ണീരു പൊടിയാത്ത പക്ഷെ, കരയുന്ന മിഴികളിലൂടെ, മഞ്ഞുവീണുനനഞ്ഞ

വയല്‍വരമ്പിലൂടെ , പൂത്തുനിന്ന ഇലഞ്ഞിമരത്തണല്‍വീണ പാതവരമ്പിലൂടെ ആ ഗന്ധം എന്നെ, ഞങ്ങളെ, നടത്താറുണ്ട്. പതിയെ പായ്യാരം പറഞ്ഞും, പരിഭവം മിഴികളിലൊതുക്കി ഒന്നും മിണ്ടാതെ , വാരാന്തങ്ങളിലെ ഇടവേളയുടെ വേദനകള്‍ പങ്കുവെച്ചും ,പിന്നെ പിണങ്ങിയും.
പലപ്പോഴും ആള്‍ക്കൂട്ടങ്ങളില്‍ ആഗന്ധത്തിന്നുടമയെ തേടി മറ്റെല്ലാം മറന്ന്, മണം പിടിച്ച് മണം പിടിച്ച് …...പക്ഷെ അന്നെല്ലാം ആഗന്ധം ഉയിര്‍ത്തത് എന്നില്‍ നിന്ന് തന്നെയാവണം.
“…...നിന്നെ ഞാനിവിടെയെല്ലാം തിരഞ്ഞിരുന്നു , വരുമെന്ന് പറഞ്ഞിരുന്നല്ലോ. ഇത്രയും ദൂരം സഞ്ചരിച്ചിവിടം വരെ വരുമെന്നെനിക്ക് പ്രതീക്ഷയില്ലായിരുന്നു. എനിക്കെന്ത് സന്തോഷമായിരുന്നെന്നോ ? ഞാനാരുടേയൊക്കെയോ മുഖങ്ങളില്‍ നിന്നെ തിരഞ്ഞു. നീ വന്നുകാണുമോ ?എന്നെ കളിപ്പിക്കുകയാണോ ? പക്ഷേ ഇല്ല , നീ അരികിലെവിടെയോ എന്നെ മറഞ്ഞിരിക്കുന്നുണ്ട്. നിന്നെകണ്ടെത്തുംവരെ ഇവിടെ നിന്നെ തിരയാന്‍ ഞാന്‍ ശ്രമിച്ചു. ആളുകളെന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. എനിക്ക് വല്ലാത്ത സങ്കടവും വന്നു. പക്ഷേ പതുക്കെ പതുക്കെ …...............എങ്കിലും നിന്റെ ,നിന്റെമാത്രം ആ ഗന്ധം ഇവിടെയെങ്ങിനെ.........? ഈ കത്തെഴുതുമ്പോഴും എനിക്ക് സംശയം തീരുന്നില്ല. നീ ഇവിടെവന്നിരുന്നോ ?...........................”
സുഗന്ധികളായ ഓര്‍മ്മകള്‍ …...
ഒരുനാള്‍ വരാന്തയിലൂടെ നടക്കുകയായിരുന്നു ….തണുപ്പിലേക്കു തുറന്ന ചില്ലുവാതിലിലൂടെ തണുപ്പ് അരിച്ചുകയറി വരുമ്പോലെ ആ ഗന്ധം , സുഗന്ധികളില്‍ നിന്നും ഗന്ധം പുറപ്പെടുന്നത് കണ്ണുകള്‍ക്ക് കാണാന്‍ കഴിയുമായിരുന്നെങ്കില്‍ അവ തണുത്തപുലര്‍കാലങ്ങളില്‍ നീലജലാശയങ്ങളില്‍ നിന്ന് ഇണപിരിഞ്ഞെഴുന്നേറ്റ് പോകുന്ന മഞ്ഞുപുക പോലെയായിരിക്കുമോ ?...........ഓര്‍മ്മകളിലൂടെ ഞാനാഗന്ധം തേടുമ്പോള്‍ അനുഭവങ്ങളെ കീറിമുറിച്ച് , ഒരു സ്ത്രീ (സുഹൃത്ത് )തിരക്കുപിടിച്ച് അരികിലൂടെ നടന്നു ഗോവണി കയറി മുകളിലേക്ക് പോയി. ഞാനാഗന്ധത്തിന്റെ ഓര്‍മ്മകളില്‍ തന്നെ മുങ്ങിനില്‍ക്കാന്‍ തന്നെ ശ്രമിച്ചു. പക്ഷെ, ആ ഗന്ധം എന്നെയും പിടിച്ച് വലിച്ച് ഗോവണി കയറി മുകളിലേക്കെത്തിച്ചു.
ഞാനെന്തൊക്കെയോ അവരോട് ചോദിച്ചിരുന്നു. അവിചാരിതവും അപ്രതീക്ഷിതവുമായ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമൊടുവില്‍ ഞാന്‍ പറഞ്ഞു-
“ആ ഗന്ധം എന്നെ എവിടെയൊക്കെയോ കൊണ്ടുപോകുന്നു"
പരിഹാസമോ എന്തോ , അവര്‍ വല്ലാത്തൊരു ചിരിചിരിച്ചു പറഞ്ഞു. “Open perfume spray ആണത്”.
പിന്നീടൊരിക്കല്‍ മറ്റാരോ ഇതിനെ ക്കുറിച്ച് പരിഹാസപൂര്‍വ്വം ചോദിക്കുകയും ചെയ്തു. അപ്പോഴും ഞാന്‍ ആ ഓര്‍മ്മകളുടെ സൗഗന്ധികങ്ങളിലേക്ക് ചേക്കേറും.
ഓര്‍മ്മകളും സുഗന്ധങ്ങളും കാലത്തിനെ പിടിച്ചു നിര്‍ത്തിയില്ല . ഒരുനാള്‍ എന്റെ മൊബൈല്‍ പതിവുപോലെ റിങ് ചെയ്തു . പരിചയമുള്ള നമ്പര്‍. അതിങ്ങനെ മൊഴിഞ്ഞു- “എന്റെ ചെയറിനടുത്തുള്ള പെട്ടിയിലൊരു കവറുണ്ട്, അതു നീ എടുത്തുവെക്കണം .”
ഞാനാപെട്ടിക്കരികിലെത്തി, ഞാന്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടെ. ആപെട്ടിക്കുള്ളില്‍ എന്റെ ഓര്‍മകളായിരുന്നു, എന്റെ സുഗന്ധമായിരുന്നു. ഞാനതിന്റെ അടപ്പ് മെല്ലെ തുറന്നു …..
ചെമ്പരത്തിചോപ്പില്‍ കുനുകുനേ മുല്ലമൊട്ടു വിതറിയ പോലുള്ള സാരിയുടുത്ത് , സമൃദ്ധമായമുടിയഴകില്‍ തുളസിക്കതിര്‍ചൂടി , ഒന്ന്പാളിനോക്കി കണ്ണിറുക്കിഒരുചിരിയുംതന്നാരോ അതിലൂടെ കടന്നു പോയോ.......
ഞാനതിലും അതിന്റെകവറിലും പരതി ,വലിയഅക്ഷരങ്ങളില്‍ എഴുതിയ Open എന്ന അതിന്റെ പേര്കൂടാതെ ചെറിയ അക്ഷരങ്ങളിലെങ്കിലും ആ പേര് കാണുമോ............
നന്ദി ആ സുഹൃത്തിനോട്.

No comments:

Post a Comment