Wednesday, June 6, 2012

കൊല








അവള്‍ തെറ്റാതെ വേഗത്തില്‍ കീബോര്‍ഡിലൂടെ വിരല്‍ പായിച്ചു.
"നിങ്ങളവനെ വെറുക്കണം ".
"എന്തിന് ?"
"അങ്ങിനെ ഒരു ചോദ്യമുണ്ടാകറില്ലല്ലോ......ഞാന
ാവശ്യപ്പെടുന്നു അതങ്ങ് ചെയ്യാ അത്രന്നെ".
"ഉം...".
... "വെറുത്താല്‍പ്പോരാ ..."
"പിന്നെ ?"
"ആ ശല്യക്കാരനെ കൊന്നുകളയൂ."
അവള്‍ക്ക് ധൃതിയായിരുന്നു. അതിനപ്പുറം അവനിലുള്ളവിശ്വസവും.
"അവളുടെ വിരലുകള്‍ കീബോര്‍ഡില്‍ നൃത്തമിട്ടു" .
"അവനെ തീര്‍ത്തോ?"
"ഉം.... ,തീര്‍ത്തു."
ഒരുവീര്‍പ്പ് മുട്ടലിനിടയില്‍ ഒരുകവിള്‍ ശ്വാസമെടുത്ത് അവള്‍ ചോദിച്ചു
"എങ്ങിനെ ?"
"അവന് ചുറ്റും നാല് ദിക്കുകള്‍ നിശ്ചയിച്ച് ,
നാലുകോണില്‍നിന്ന് വടിവാളുകൊണ്ട് അവന്റെ മുഖപുസ്തകത്തിലെ 51 അകഷരങ്ങളെയും വെട്ടിക്കൊന്നു.പക്ഷേ......."
"പക്ഷേ....?"
"പക്ഷെ അവന്‍ മരിച്ചില്ല. പിന്നെ ഒരു കൈബോംബെറിഞ്ഞ്
അവന്റെ പുറംതാളിലെ 26 അകഷരങ്ങളേയും ഒരുമിച്ച് തകര്‍ത്തു.
എന്നിട്ടും അവന്‍ മരിച്ചില്ല ."
ചാറ്റ്ബോക്സില്‍ കുനുകുനേ കുറേ കുത്തുകള്‍ പതിഞ്ഞുവീണു , കണ്ണീര്‍ മഴപോലെ.
"നീ കരയുന്നോ "?
"ഉം ."
"ഡി പെണ്ണേ കരയല്ലേ , ഇത് നിന്റെ ഞാനല്ലേ ?, ഞാനെന്താ നിനക്ക് വേണ്ടി ചെയ്യാതിരിന്നിട്ടുള്ളത് ? ഓര്‍മ്മയില്ലേനിനക്ക് ?
നാരുപോലുള്ളെന്നെ നാട്ടുകാര്‍ ഭീമസേനനെന്ന് വിളിച്ചതെന്തിനാണെന്ന് ?"
അവളുടെ ഓര്‍മ്മകള്‍ ബാക്സ്പൈസ് കീയിലൂടെ ഇപ്പഴുള്ളതിനേയൊക്കെ മായ്ച്ച് പിന്നിലോട്ട് പോയി.
പാവം , അന്നൊരുനാള്‍ ,എനിക്കൊരു നാട്ടുമാങ്ങ വേണമെന്ന് പറഞ്ഞപ്പോള്‍ , കേട്ടപാതി കേള്‍ക്കാത്തപാതി , ഓടി അപ്പുറത്തെ അച്വേട്ടന്റെ പറമ്പിലെ ഉയരമുള്ള , നീറ് കൂട് കെട്ടിയ നാട്ടുമാവില്‍ ഓടിക്കയറി മാങ്ങ നിലംതൊടാതെ ഇറക്കവേ......
"ഹ ഹ ഹ .............."
അവള്‍ വായപൊത്തിച്ചിരിച്ചു
"എന്തേ...?"
"ചിരിച്ചിട്ട് വയ്യ .....ആ കൈ നേരെയായോ ഭീമസേനാ........"
ഒരു അമര്‍ത്തിയുള്ള മൂളലില്‍ അവന്‍ പ്രതിഷേധിച്ചു .
ഒരുകല്ല്യാണ സൌഗന്ധികം തുള്ളല്‍പാട്ട് അവന്റെ ചെവിയില്‍ മൂളക്കംപോലെ.....
ഒടുവില്‍ ഞാനവനെ തീര്‍ത്തു .
"എങ്ങിനെ ? വേഗം പറയൂ ... പവര്‍ കട്ടാണിപ്പോള്‍ , ബാക്കപ് കുറവാ ഭീം.."
"എന്റെ qwerty കീബോര്‍ഡിലിട്ട് ചവിട്ടിപ്പിടിച്ച് മൌസ് കൊണ്ട് ഒറ്റക്ലിക്ക് ".
"പിന്നെ ഒരു മെസേജ് ............."
"മതി മതി ഭീമസേനാ....മതി "
ദുശ്ശാസനന്റെ മാറ്പിളര്‍ന്ന് രക്തവും മാംസവും കൈയ്യില്‍ കോരിയെടുത്ത്
ഊഴം നോക്കാതെ ദ്രൌപതിയുടെ അന്തപ്പുരത്തിലേക്ക് ഭ്രാന്തനെപ്പോലെ അലറി ഓടിവരുന്ന
ഭീമസേനന്റെ മുമ്പില്‍ അഴിച്ചിട്ട കാര്‍കൂന്തലുമായി നില്കുന്ന ദ്രൌപതിയുടെ മുഖത്തെ ചിരി അവന്‍ ഓര്‍ത്തെടുക്കുമ്പഴേക്ക് ചാറ്റ് ബോക്സില്‍ ..
She is off line ........................

No comments:

Post a Comment