Thursday, April 19, 2012

കിനാവ് എന്ന പെണ്‍കുട്ടിക്ക്








 

കിനാവ് എന്ന പെണ്‍കുട്ടിക്ക്
   ഴയതോന്നും അങ്ങിനെയങ്ങ് നഷ്ടപ്പെടുത്താന്‍ മനസ്സുവരാറില്ല, പക്ഷെ മനസ്സ്മടുപ്പിക്കുന്ന, സ്ഥലംമുടക്കികളുമായ പഴമയെ ഇഷ്ടവുമല്ല. അങ്ങിനെ ഒരു തിരച്ചിലിനിടയില്‍ കിട്ടിയ ഒരുപാട് കടലാസുകള്‍ക്കിടയില്‍ ഒന്ന് ,ഒരിലപൊഴിയുന്ന നേര്‍ത്തവേദനയോടെ, നിശ്ശബ്ദയില്‍, വളരെ പതുക്കെ എന്നെ എന്റെ കലാലയത്തിന്റെ മഴവില്ല് വിരിച്ച ആകാശപ്പരപ്പിലേക്ക് ഊതിപ്പറത്തിക്കൊണ്ടുപോയി. സമയമാപിനികളൊക്കെ നിലച്ചുപോയ ആ നേരത്ത് ഞാന്‍ തിരഞ്ഞത് .. ഈ വരികളുടെ ഉടമ ആരായിരുന്നു ? 
=====================
**കിനാവ് എന്ന പെണ്‍കുട്ടിക്ക്**
=====================
പ്രണയത്തിന്റെ ദേവസ്ഥലിയില്‍
ഇനിനമ്മള്‍ ആത്മഹത്യചെയ്യും.
വേനലിന്റെ നഗരരാത്രിയില്‍
തീര്‍ത്ഥഘട്ടത്തിലെ ലോഡ്ജ്മുറിയില്‍
കൈത്തണ്ടയിലെതുടുത്തഞരമ്പറ്റ്
ചോരപെയ്ത് ആരാണാദ്യം മരണമാവുക ?

ഞാനാണാദ്യമെങ്കില്‍
പുനര്‍ജന്മത്തിലും ഞാനാവും.
ജന്മമുണ്ടെങ്കില്‍ അടുത്തതില്‍
എനിക്ക്നിന്റെ അമ്മയാവണം.
ആകാശത്തിനപ്പുറം കണ്ട
സ്വര്‍ഗ്ഗവാതിലുകളേകുറിച്ച്
വാതോരാതെ പറയുന്ന
ഒരേയൊരുപെണ്‍കുട്ടി നീ.
എന്റെ സ്തനദ്വയത്തിലെ
അമൃതമഴമുഴുവന്‍
ഞാന്‍നിനക്ക് കാത്തുവെക്കും.
പാതിരാവില്‍ ഉറക്കുഞെട്ടി
കരയാന്‍തുടങ്ങുമ്പോള്‍ ഞാന്‍
നിനക്ക്കവിളു നിറയെ മുത്തമാവും.
നീയപ്പോള്‍നിന്റെ കിനാവിലെ
രാജകുമാരന് എന്റെ മുഖഛായ-
യാണെന്ന്കളിപറയും.
കിനാവില്‍നിന്നിറങ്ങിഅവന്‍വരും.
അന്നെനിക്ക്നിന്റെമുടിയിഴകളിലെ
മുല്ലഗന്ധത്തില്‍കണ്ണീരുകൊണ്ടുമ്മയാവണം.

നീയാണാദ്യമെങ്കില്‍
എനിക്ക്നിന്റെ ഇളയകുഞ്ഞാവണം,
നിന്റെമുലപ്പാലുമുഴുവന്‍കുടിച്ചുതീര്‍ക്കുന്ന
ഏറ്റവും ഇളയആണ്‍കുട്ടി.
നിന്റെകണ്ണാടിച്ചില്ലുകള്‍ ഒളിച്ചുവെച്ച്
കിടക്കപ്പായയില്‍മൂത്രമൊഴിച്ച്
എനിക്ക്നിന്റെ നേർത്തിമ്പമുറ്റവിരലിന്റെ
നുള്ളുനോവില്‍ചെവിക്കുടകള്‍ ചുവപ്പിക്കണം.
നിന്നോട് വാശിപിടിച്ച്
ഞാനുണ്ണാതിരിക്കുമ്പോഴൊക്കെ
പ്രണയത്തിന്റെ വര്‍ത്തമാനങ്ങളില്‍
നീ കടം പറഞ്ഞമുത്തങ്ങള്‍
മുഴുവനും തന്നു തീര്‍ക്കണം.
നീയാത്രയാവുമ്പോള്‍
എനിക്ക് നിന്റെ ചിതപകുക്കണം.
പിന്നെയും ജന്മമുണ്ടാകുമോ
നമുക്ക് വീണ്ടും പ്രണയമാവാന്‍ ?
ഉണ്ടാവില്ലെന്ന്നീ.
ജന്മമില്ലെങ്കിലും ഞാന്‍
സ്നേഹിക്കും, നിന്നെ.
പ്രണയത്തിന്റെ തീക്കുമിളകള്‍
ആര്‍ക്കും കാണാതെ മൂടിവെച്ച
പെണ്‍കുട്ടീ, ഏത്ജന്മത്തിലാണ്
നമുക്ക് പരസ്പരം കൊതിതീരുക ?
എനിക്കറിയാം
എന്നെ നീമാത്രമേ സ്നേഹിക്കുന്നുള്ളൂവെന്ന്.

No comments:

Post a Comment