അവള്‍
തുളസിക്കതിരിന്റെ നൈര്‍മല്യമാണെന്ന് ആരോപറഞ്ഞവള്‍.
ആരോ അവളുടെ ഹൃദയന്തരത്തില്‍ മഷിപടരാത്ത കവിതയെഴുതാന്‍ കൊതിച്ചു.
മഞ്ഞുപുകമൂടിയതടാകത്തിന്റെ സ്ഫടികജലത്തിന്കുറുകെ മഞ്ഞുകാറ്റിനൊപ്പം
നടന്നുനീങ്ങുന്ന സുന്ദരിയായ് ആരോ സ്വപനം കണ്ടത് അവളെ.
ആ അംഗുലീയങ്ങളില്‍ പ്രപഞ്ചസൌന്ദര്യം ആവാഹിച്ചിറ്റിച്ചത് മറ്റാരോ.
അവള്‍
സായം സന്ധ്യയുടെ ശോഭയാണെന്ന് ഞാനും.
ഒരുസായം സന്ധ്യയില്‍ ഞാനവളെ നോക്കിയിരുന്നു
ഒരുകടലായി.
കിളിവാതിലടച്ച് ഉമ്മറവാതില്‍ ചാരാതെ
അക്ഷമയോടവളെന്നെ കാത്തിരുന്നു.
ധൃതിപൂണ്ട് ,ഞാറ് മുളച്ച വയല്‍വരമ്പിലൂടെ ,
പരല്‍മീനുകള്‍ രുടിക്കുന്നതോടുകളില്‍
തേവിയിട്ട മീനുകളെ വീണ്ടും അതിന്റെ ജീവനിലേക്കെറിഞ്ഞുകൊടുത്തു്,
എന്റെ ബാല്യവും താണ്ടി,
ഉച്ചസൂര്യന്റെ വെയില്‍ച്ചൂടിനെ പരിഹസിച്ച്,
കുടചൂടാതെ ഞങ്ങള്‍ നടന്നുതീര്‍ക്കാന്‍ കൊതിച്ച്,
വഴിമാറിപ്പോയ കത്തുന്ന യൌവ്വനത്തിന്റെമണ്‍പാതയില്‍ എവിടുന്നോ തനിച്ചായി.
മാറിയവഴിയില്‍ കൂട്ടുചേര്‍ന്നവരെ പരസ്പരം തിരിച്ചറിയാതെ,
തൊണ്ടവറ്റാതെ, നടന്നു തുടങ്ങിയയൌവ്വനത്തിന്റെ വഴിയില്‍ ,
ഒടുവില്‍ ,കിതച്ച് ,ദാഹിച്ച് തോണ്ടവറ്റി ...............
ചാരാതെ ,തുറന്നുവെച്ച ,വെയില്‍നാളങ്ങള്‍ വഴികാട്ടിയ
വാതിലിലൂടെ ഞാന്‍അകത്തേക്ക് കയറിച്ചെന്നത് .............
പരിഭവകാന്തിപടര്‍ന്ന ,
സന്ധ്യാസൂര്യന്‍ അരുണിമപടര്‍ത്തിയ ,
ചിരിയില്‍ നിലാവുദിക്കുന്ന ,
മിഴികളില്‍ നക്ഷത്രങ്ങള്‍ ജന്മമെടുക്കുന്ന ,
രാത്രിയെ കാര്‍കൂന്തലിലൊളിപ്പിച്ച ,
അക്ഷമയോടെന്നെ കാത്തിരുന്ന
അവളിലേക്ക് .....
ഞാനവളെ നോക്കിയിരുന്നു
സൂര്യന് ചുവടെ ഒരുകടലായി .
പ്രണയത്തിന്‍ തിരയാല്‍ ഞാനവളെ നനച്ചു.
നനഞ്ഞ ചേലതുമ്പിനാലവളെന്റെ മുഖംപൊത്തി,
കണ്ണിലേക്ക് നോക്കി ശരമെയ്തു.
ഈ കണ്ണുകള്‍ നിനക്കുവേണ്ടെന്നാധിപൂണ്ട്
അടക്കമെന്തോ പറഞ്ഞവള്‍ ചിരിതൂകി.
വെയില്‍ മങ്ങിയാസൂര്യനെ വലിച്ചു ഞാനെന്റെ കടലിലിട്ടു.
കടലില്‍ ബിംബവും പ്രതിബിംബവും നൃത്തമാടി
കടല്‍ അതിന്റെ ആഴങ്ങളിലേക്ക് , പിന്നതിന്‍
തിരക്കൈകളിന്നുയരങ്ങളിലേക്കവളെ ഊയലാട്ടി .
ഓരോഉയരത്തിന്നായത്തില്‍നിന്നോരോ
സ്വപ്നം പറിച്ചെടുത്തവളെനിക്ക് നീട്ടി
ഓരോ ആയത്തിന്നാഴങ്ങളില്‍നിന്ന് ഞാനും .
കുറച്ചു പുഷ്പങ്ങള്‍ അവളുടേതായിരുന്നു.
കുറച്ചു പുഷ്പങ്ങള്‍ എന്റേതായിരുന്നു.
കുറച്ചു പുഷ്പങ്ങള്‍ ഞങ്ങളുടേതും.

No comments:
Post a Comment